Friday, February 20, 2015

സാമ്പാര്‍ ചീര


ഇത് എന്‍റെ സ്വന്തം സാമ്പാര്‍ ചീര .......ഈ ചീരയ്ക്ക് പാഞ്ചാലി ചീര എന്നൊരു പേര് കൂടി ഉണ്ടെട്ടോ ............ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ എല്ലാ എന്‍റെ പ്രിയ കൃഷിഭൂമി കൂട്ടുകാര്‍ക്കും ആഗ്രഹമുണ്ടാകില്ലേ ????????ഇതിന്‍റെ 2 കഥകളും ഞാന്‍ പറഞ്ഞു തരാം ട്ടോ .............................................
1) പോർട്ടുലാക്കേസീ കുടുംബത്തിൽ പെട്ട സാമ്പാർ ചീര(waterleaf)യുടെ ശാസ്ത്രനാമം തലിനം ട്രയാൻഗുലേർ എന്നാണ്. ഇന്ത്യ, വെസ്റ്റ് ഇൻഡീസ്,ഇൻന്ത്യോനേഷ്യ, മലേഷ്യ, അറബ് രാജ്യങ്ങൾ എന്നിവടങ്ങളിൽ വളർത്തുന്നുണ്ട്. ബ്രസീലിൽ ആണ് സാമ്പാർ ചീര ഉദ്ഭവിച്ചത് എന്ന് കരുതുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഈ ചെടിയുടെ ഇലകളും ഇളം തണ്ടും പലതരം കറികളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
ചെടിയുടെ ഇലയും തണ്ടും വളരെ നേർമതയുള്ളതും മാംസളവുമാണ്. വിത്തുമുഖേനയും ഇളമ് തണ്ടുമുറിച്ച് വേരുപിടിപ്പിച്ചുമാണ് തൈകൾ ഉണ്ടാക്കുന്നത്. കൃഷിയായി ചെയ്യാൻ ഏറ്റവും യോജിച്ച സമയം കാലവർഷാരംഭമാണ്. നട്ടുകഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം വിളവെടുപ്പ് തുടങ്ങാം.
2)ഇനി നമുക്ക് ഈ ചീരയ്ക്കെങ്ങനെ പാഞ്ചാലി ചീര എന്ന പേര് വന്നു എന്നൊന്ന് നോക്കാം അല്ലെ ,,ഇതാ കേട്ടോളു .........പാണ്ഡവന്മാരുടെ വനവാസകാലത്ത് പാഞ്ചാലിയ്ക്ക് സൂര്യനിൽ നിന്ന് അക്ഷയപാത്രം കിട്ടുന്നു. അക്ഷയപാത്രത്തിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും. പക്ഷെ, പാഞ്ചാലി കഴിച്ചുകഴിഞ്ഞാൽ അതിൽ ആ ദിവസം പിന്നെ ആഹാരം ഒന്നും ആ പാത്രത്തിൽ ഉണ്ടാവില്ല. അങ്ങനെയിരിക്കെ ഒരിക്കൽ, ദുർവ്വാസാവ് മഹർഷി, കൌരവരുടെ കൊട്ടാരത്തിൽ വന്നു താമസിക്കുകയും, ദുര്യോധനൻ, മുനിയ്ക്കും കൂടെയുള്ള ശിഷ്യന്മാർക്കും വേണ്ടതൊക്കെ ഒരുക്കിക്കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അപ്പോ മുനി, ദുര്യോധനനോട് വരം ചോദിക്കാൻ പറയുന്നു. അപ്പോ പാണ്ഡവരെ ഒന്നു പറ്റിയ്ക്കാമെന്നു കരുതി, ദുര്യോധനൻ പറയും, പാണ്ഡവന്മാരെക്കാണാൻ അങ്ങ് ശിഷ്യന്മാരോടു കൂടെ പോകണം എന്ന്. അതും അവരുടെ ഭക്ഷണശേഷം. അവർ അങ്ങനെ, പാണ്ഡവരുടെ അടുക്കൽ ചെന്ന സമയത്ത്, എല്ലാവരുടേം, പാഞ്ചാലിയുടേയും, ഭക്ഷണം കഴിഞ്ഞിരുന്നു. മുനിയും ശിഷ്യന്മാരും കുളിക്കാനും ജപിക്കാനും പോയി. അവർ എത്തുമ്പോഴേക്കും ഭക്ഷണം വേണം. അല്ലെങ്കിൽ മുനിക്ക് കോപം വന്നു ശപിച്ചേക്കും എന്ന് പാണ്ഡവന്മാർ കരുതി. പാഞ്ചാലി വിഷമിച്ച്, ശ്രീകൃഷ്ണനെ വിളിച്ച് പ്രാർത്ഥിയ്ക്കും. ശ്രീകൃഷ്ണൻ അവിടെയെത്തും. എന്തെങ്കിലും ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, ഭക്ഷണം കഴിഞ്ഞുവെന്നും ഇനി ഒന്നുമില്ലെന്നും പാഞ്ചാലി പറയുന്നു. അപ്പോ, അക്ഷയപാത്രം കൊണ്ടുവരാൻ ശ്രീകൃഷ്ണൻ പറയുന്നു. പാഞ്ചാലി, പാത്രം കൊണ്ടുവന്നുകൊടുത്തപ്പോൾ അതിന്റെ വക്കിൽ ഒരു ചീരയില കാണുകയും ശ്രീകൃഷ്ണൻ അതു കഴിക്കുകയും ചെയ്യുന്നു. പിന്നെ, മുനിയേയും ശിഷ്യന്മാരേയും ഭക്ഷണം തയ്യാറായി എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുവരാൻ പറയുന്നു. പക്ഷേ, ദുർവ്വാസാവിനും ശിഷ്യന്മാർക്കും ഭക്ഷണം വേണ്ടായിരുന്നു. പാണ്ഡവരുടെ അടുക്കലേക്ക് ചെന്ന് ഭക്ഷണം വേണ്ടെന്ന് പറയാനും മടിയായി. ശ്രീകൃഷ്ണനോടും പാണ്ഡവരോടും ശത്രുത കാണിക്കുന്നത് പന്തിയാവില്ലെന്നു കണ്ട് അവർ വേഗം സ്ഥലം വിട്ടു. അങ്ങനെ ഒരു ചീരയില കൊണ്ട് പാഞ്ചാലി വല്യൊരു ശാപത്തിൽ നിന്ന് രക്ഷപ്പെട്ടു.
കഥ കഴിഞ്ഞു. ഇനി കാര്യം
.................................................
സാധാരണ എല്ലാ ചീരകളും പൊട്ടിച്ചെടുക്കുന്നതുപോലെ വേരിനു കുറച്ചു മുകളിൽ വെച്ച് പൊട്ടിച്ചെടുത്തത്. കൈ കൊണ്ട് പൊട്ടിക്കുകയേ വേണ്ടൂ. പൂവും മൊട്ടും കളയാം.
അടുപ്പത്ത് ചീനച്ചട്ടി വെച്ച്, വെളിച്ചെണ്ണ ഒഴിയ്ക്കുക. ഉഴുന്നുപരിപ്പ് അല്പം ഇടുക്കുക. ചുവക്കുമ്പോഴേക്കും കടുകും ചുവന്ന മുളകും ഇടുക. കറിവേപ്പിലയും ഇട്ടാൽ പ്രശ്നമൊന്നുമില്ല. മുറിച്ചുവെച്ച ചീര ഇടുക. ആവശ്യത്തിനു മഞ്ഞൾപ്പൊടിയും ഉപ്പും ഇടുക. വെള്ളം ഒഴിക്കാനേ പാടില്ല. ചൂടാവുന്നതിനനുസരിച്ച് ചീരയിൽ വെള്ളം കയറും. നല്ല തീയുണ്ടെങ്കിൽ വറ്റും. വാങ്ങിവെച്ച് ചിരവിയ തേങ്ങ ഇടുക.
ഉപ്പേരി തയ്യാർ.
സാമ്പാറും, ചക്കക്കുരു ഇട്ട്, ഓലനും ഒക്കെ വയ്ക്കാം എന്നു പറഞ്ഞു. ഉപ്പേരിയ്ക്ക് നല്ല സ്വാദുണ്ട്.

No comments:

Post a Comment