Friday, February 20, 2015

കുറ്റിപ്പയര്‍

കുറ്റിപ്പയര്‍:
===============================
പയര്‍ , ചിലയിടങ്ങളില്‍ അച്ചിങ്ങ എന്നും അറിയപ്പെടുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പയര്‍ ഇതു കാലാവസ്ഥയിലും നന്നായി വളരും. പയര്‍ പലയിനങ്ങള്‍ ഉണ്ട്, കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍ . നമുക്ക് ആദ്യം കുറ്റിപയര്‍ പരിചയപ്പെടാം. ഇവര്‍ക്ക് പടര്‍ന്നു കയറാന്‍ പന്തലും താങ്ങും ഒന്നും വേണ്ട. ഭാഗികമായി പടരുന്ന കുറ്റിപയര്‍ ഇനങ്ങള്‍ ആണ് കനകമണി, കൈരളി, വരൂൺ, അനശ്വര തുടങ്ങിയവ. ഇതില്‍ തന്നെ കനകമണി ആണ് എനിക്ക് ഏറെ പ്രിയം. വലുപ്പമുള്ള കായകള്‍ , കൂടുതല്‍ കാലം വിളവ്‌ , അധികം പരിപാലനം ആവശ്യമില്ല ഇതൊക്കെ ആണ് മേന്മകള്‍ . ഗ്രോ ബാഗ് / ചട്ടി / പ്ലാസ്റ്റിക്‌ ചാക്ക് ഇവയിലൊക്കെ പയര്‍ കൃഷി ചെയ്യാം.
വിത്ത് പാകി ആണ് തൈകള്‍ മുളപ്പിക്കുക. വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയും ചെയ്യാം. വിത്ത് പാകി പറിച്ചു നടുകയാണെങ്കില്‍ , മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. ഇനി നേരിട്ടാണെങ്കില്‍ തടങ്ങളില്‍ 3-4 വിത്തുകള്‍ ഇടുക, വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള മാത്രം നിര്‍ത്തുക. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ വേഗം മുളക്കാന്‍ ഇത് സഹായിക്കും. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ ആകരുത്. തടത്തില്‍ നനവ്‌ ഉണ്ടാകണം. രാവിലെയും വൈകുന്നേരവും ചെറുതായി നനച്ചു കൊടുക്കാം. വിത്ത് പാകിയ ശേഷം ഒരു ഓലമടല്‍ പകുതി വെട്ടി ഇട്ട് തടം സംരക്ഷിക്കാം.
താഴെ നിലത്താണ് നടുന്നതെങ്കില്‍ തടം എടുക്കണം, മണ്ണ് നന്നായി കിളച്ചു അടിവളം ആയി ഉണങ്ങിയ ചാണകപ്പൊടി ,എല്ലുപൊടി കൂടെ ഒരു ചെടിക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്കും ഇടാം. വേനല്‍ക്കാലത്ത് വെള്ളം തടത്തില്‍ സംരക്ഷിക്കാന്‍ ഇവിടെ നേരത്തെ സൂചിപ്പിച്ച സി പോം ഇടുന്നതും നല്ലതാണ്. വൈകുന്നേരം വേണം പയര്‍ പറിച്ചു നടാന്‍ . രണ്ടു നേരവും മിതമായി നനക്കാം. നട്ടു കഴിഞ്ഞു കുറച്ചു ദിവസത്തേക്ക് വളം ഒന്നും വേണ്ട. മുകളില്‍ സൂചിപ്പിച്ച സി പോം ഉണ്ടെകില്‍ അത് തന്നെ ധാരാളം. ചെടി വളര്‍ന്നു ഒരു രണ്ടു-മൂന്നു ആഴ്ചക്ക് ശേഷം കടല പിണ്ണാക്ക് കൊടുക്കാം. ചെടി ഒന്നിന് 50-100 ഗ്രാം , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് (ഉറുമ്പിനെ അകറ്റാന്‍ ) ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി (ചെടിയുടെ വേരുകള്‍ മുറിയാതെ) മണ്ണ് മാറ്റി ഇട്ടു കൊടുക്കാം. പയറിനു ചെയ്യാവുന്ന ഏറ്റവും മികച്ച വളം ആണിത്. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഫിഷ്‌ അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 2-3 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.
കീടബാധ - മുഞ്ഞയുടെ ആക്രമണം ഉണ്ടാകാറുണ്ട് , പുളിയുറുമ്പ് പ്രയോഗം നടത്താം. തണ്ട് തുരപ്പന്‍ , ഇതിനെ പ്രതിരോധിക്കുന്നത് തന്നെ നല്ലത്. തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക. കാ പൊഴിച്ചില്‍ – ചെടിയുടെ ആരോഗ്യക്കുരവ് കൊണ്ടും ചൂട് കൊണ്ടും കായ പൊഴിയാം. കീടങ്ങള്‍ അകറ്റാന്‍ ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത്‌ ചേര്‍ത്ത് നേര്‍പ്പിച്ചത് സ്പ്രേ ചെയ്യാം.
ടിപ് – കായകള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാല്‍ കായഫലം കുറയും.

No comments:

Post a Comment